വെള്ളിയാഴ്ച ചന്തയില്‍ നിന്നും വാങ്ങിയ നേന്ത്ര വാഴക്കുല തോളില്‍ വെച്ച് നെമ്മാറ പുതിയ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ഉദയേട്ടനെ കാമദേവന് കടന്നു ആക്രമിച്ചത്. നട്ടുച്ച സമയത്ത് കോളേജില്‍ നിന്നും വീട്ടിലേക്കു പോകാന്‍ ബസ്സ് കാത്തു നിന്ന പ്രീ ഡിഗ്രിക്കാരി സുഗന്ധവല്ലിയുടെ കണ്ണുകളില്‍ നിന്നും ഒരു പൂവമ്പ് ഡയറക്റ്റ് ആയി ഉദയേട്ടന്റെ നെഞ്ചില്‍ വന്നു പതിക്കുകയായിരുന്നത്രേ. അവള് തന്നെ നോക്കി ചിരിച്ചു എന്ന ഉദയേട്ടന്റെ പ്രസ്താവന വിശ്വസനീയമാണ്. കടുകെണ്ണ തേച്ച കറുപ്പും വെളുപ്പും ഇടകലര്‍ന്ന നീണ്ട മുടിയും ചെറിയ കണ്ണുകളും കൂര്‍ത്ത മുഖവും വെളുത്ത കൊറ്റന്‍ തടിയും കവിളില്‍ ശ്രിലങ്കയുടെ ആകൃതി ഉള്ള വെളുത്ത പാടും ഉള്ള കൃശഗാത്രന്‍ ആയ പാവം ഉദയേട്ടനെ കണ്ടാല്‍ ആരും ആദ്യം ഒന്ന് ചിരിച്ചു പോകുമായിരുന്നു.
ജീവിതത്തിലെ നാഴികക്കല്ല് ആയ ആ നട്ടുച്ചയ്ക്ക് ശേഷം ഉദയേട്ടന്റെ ദിവസങ്ങള്‍ അനുരാഗ വിലോലം ആയി തീര്‍ന്നു. കാലത്ത് ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പച്ചമരുന്നും പൂജാദ്രവ്യങ്ങളും പഴവര്‍ഗ്ഗങ്ങളും വിറ്റ് വിറ്റ് ബോര് അടിച്ചിരുന്ന ഉദയേട്ടന് തന്റെ പ്രണയിനിയെ കാണാനായി തന്റെ ടൈം ടേബിള്‍ മാറ്റി. ബസ്സില്‍ അവളെ കോളേജ് വരെയും തിരിച്ചു വീട്ടിലേക്കും അനുഗമിക്കാനായി സമയം കണ്ടെത്തി. അവളുടെ വീട് കണ്ടു പിടിക്കുക ,അവള് പോകുന്ന അമ്പലം കണ്ടു പിടിക്കുക തുടങ്ങിയ കണ്ടുപിടിത്തങ്ങള്‍ നടത്തി. അത് വരെ ഒരു നോട്ടീസ് പോലും വായിക്കാന്‍ മിനക്കെടാതിരുന്ന ഉദയേട്ടന് ലൈബ്രറിയില്‍ അംഗത്വം എടുത്തത് അവള് വെള്ളിയാഴ്ചകളില്‍ പോകുന്ന അമ്പലം ആ ലൈബ്രറിക്ക് അടുത്തായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടായിരുന്നു. പ്രണയ കവിതകള്‍ എഴുതല്‍ ആയിത്തീര്‍ന്നു ഉദയേട്ടന്റെ ഹോബി.
ഇങ്ങനെ ദിനങ്ങള്‍ കടന്നു പോകുമ്പോള്‍ പെട്ടെന്നൊരു ദിനം തന്റെ പ്രണയം അവസാനിപ്പിച്ചത് ആയി ഉദയേട്ടന് പ്രഖ്യാപിച്ചപ്പോള്‍ , കല്യാണം കഴിഞ്ഞ സിനിമാ നടി അഭിനയം നിര്‍ത്തി എന്ന് കേട്ടത് പോലെ എല്ലാവരും ഞെട്ടി . ഉദയേട്ടന് ആകെ മാറിയിരിക്കുന്നു. ... ആന്‍ഡ് മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ് ... എന്ന ലൈനില്‍...
പ്രണയിനിയെ ഓര്‍ത്തു അലസമായി ഇരുന്ന ഒരു പകല്‍ നേരത്ത് " ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ " എന്ന കാമുകിയുടെ ക്ഷണം അശരീരിയായി ഉദയേട്ടന് കേട്ടെന്നും അതിന്റെ പുറകെ "ആസൈ
അധികം വെച്ച് " അവളുടെ വീട്ടില്‍ പോയപ്പോള്‍ അവളുടെ ഡാഡി മമ്മി മാത്രമല്ല സ്കൂളില്‍ പോകാതെ അവളുടെ ആറില്‍ പഠിക്കുന്ന കൊച്ചനിയനും അവിടെ ഉണ്ടായിരുന്നു എന്നും ഉദയേട്ടന്റെ ആഗമന ഉദ്ദ്യേശം മനസ്സിലാക്കിയ പ്രണയത്തെ പറ്റി ഒരു വക തിരിവും ഇല്ലാത്ത ആ ചെക്കന് ഉദയേട്ടന്റെ ചെവിക്കു പിടിച്ചു കിഴുക്കി തലക്കിട്ടു രണ്ടു ചൊട്ട് കൊടുത്തു പറഞ്ഞു വിട്ടെന്നും അതാണ് ഉദയേട്ടന്റെ മനം മാറ്റത്തിന് കാരണം എന്നുമാണ് ഐതിഹ്യം.
എന്തായാലും മനം മാറ്റത്തിന് ശേഷം വെള്ളിയാഴ്ച ചന്തയില്‍ നിന്നുംനേന്ത്ര വാഴക്കുല വാങ്ങി ഉദയേട്ടന് നെമ്മാറ പുതിയ ബസ് സ്റ്റാന്‍ഡില്‍ പോയിട്ടില്ല. വെറുതെ എന്തിനാ കാമദേവന്റെ കൈക്കുള്ളില്‍ കഴുത്ത് വെച്ച് കൊടുക്കുന്നത് ..ങേ ?
ഹ..ഹ.. ഊ യ്യൂ... ചിരിച്ചു ഊപ്പാടിളകി
ReplyDeleteangane udayan b'lorkku train kayari aennathu seshipathram
ReplyDelete