Sunday, February 13, 2011

ഒരു പ്രണയ ദിനം

അവിട്ടം ഞാറ്റുവേലക്കാലം .കുംഭം 2 .ഫെബ്രുവരി 14

 പകല്‍ അന്തിയോളം ചുമട്  എടുത്തു കിട്ടിയ കൂലിയില്‍ പാതി അമ്പല പറമ്പിലെ   ചീട്ടു  കളിക്കാര്‍ക്ക്‌ കാണിക്ക വെച്ച്  ബാക്കിയുള്ള  കാശിന് അവറാന്റെ കള്ള് ഷാപ്പിലിരുന്നു രണ്ടെണ്ണം വീശിയപ്പോള്‍ ആണ്  ഇന്ന് തന്റെ  കല്യാണ വാര്‍ഷികം ആണെന്ന കാര്യം തിമ്മന്‍ ഓര്‍ത്തത്‌ .സഹധര്‍മ്മിണി വള്ളി യോടുള്ള സ്നേഹവും അതോടൊപ്പം കുടിച്ച കള്ളിനൊപ്പം നുര പൊന്തി. കാര്യം അവള്‍ കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത് എന്ന അഹന്ത അവള്‍ക്കു ഉണ്ടെങ്കിലും ഇത്തരമൊരു അവസരത്തില്‍ അവള്‍ക്കൊരു ഗിഫ്റ്റ് കൊടുക്കേണ്ടത് ഭര്‍ത്താവ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം ആണെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തിമ്മന്‍ കള്ളുഷാപ്പിലെ അക്ഷര ശ്ലോക സദസ്സ് പകുതി വെച്ച് നിര്‍ത്തി കാലത്തെ നോക്ക് കൂലി വാങ്ങിച്ച സദാശിവന്റെ തുണിക്കടയില്‍ നിന്നും വിലപേശി ഒരു സാരി വാങ്ങി വീടിലേക്ക്‌ തിരിച്ചു.

"...ഹും....നല്ലൊരു ദിവസമായിട്ടു മൂക്കറ്റം കുടിച്ചു കീറ തുണിയും  കൊണ്ട്  വന്നിരിക്കുന്നു ....എനിക്കൊന്നും വേണ്ടാ.. നിങ്ങള് തന്നെ ഉടുത്തോ ...."
ഉടുമുണ്ടിന്റെ വിട്ടു പോയ ഭാഗം പൂരിപ്പിക്കാന്‍ പോലും മിനക്കെടാതെ അത് തോളിലിട്ടു ആടിയുലഞ്ഞു നില്‍ക്കുന്ന തിമ്മന്‍ എന്ന പൂമരത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ടപ്പോള്‍ വള്ളിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

തിമ്മന്‍ കേട്ടഥ കോപിച്ചു. തികച്ചും പ്രണയ സുരഭിലമായിരുന്ന സന്ദര്‍ഭം പിന്നെ ഒരു സംഘട്ടന രംഗത്തിനു വഴിമാറി. ഇടയില്‍ കയറി അലറിയ പുത്രനിട്ടു കൊടുക്കാനും തിമ്മന്‍ മറന്നില്ല .അഞ്ചില്‍ പഠിക്കുന്ന ചെക്കന്റെ അഹങ്കാരം....

 അനന്തരം ശിവ താണ്ഡവത്തിന്റെ  ക്ഷീണം  തീര്‍ക്കാന്‍  തിമ്മന്‍ റേഡിയോ ഓണ്‍ ചെയ്തു..
''..............ദേവീ  ആത്മ രാഗമേകാം................" ഗന്ധര്‍വ സ്വരം വള്ളിയുടെ രോദനത്തിന്  മീതെ ഒഴുകി.

(പിന്നെയും കുറെ കാലം കഴിഞ്ഞാണ്  ആ ഗ്രാമത്തില്‍ ഫെബ്രുവരി 14 പ്രണയ ദിനമായി  ആചരിക്കപ്പെട്ടു തുടങ്ങിയത് .)









No comments:

Post a Comment