Saturday, March 12, 2011

അശാന്തി

ശിവ ശിവ  ഇപ്പൊ ഭക്ത ജനങ്ങളുടെ വരവ് തീരെ കുറവ് ആണെന്നെ. വേള്‍ഡ് കപ്പ്‌  ക്രിക്കറ്റ്‌, ഐ പി എല്‍  , ഫുട്ബോള്‍  എല്ലാം ഇപ്പൊ തൃസന്ധ്യ നേരത്താ കളി.ദീപാരാധന തൊഴാന്‍ വരുന്നവരൊക്കെ കമ്മി ആയി. അഥവാ തെറ്റി  തെറിച്ചു  ആരെങ്കിലും വന്നാ ഇവിടത്തെ കഴകക്കാരന്‍ അവരെ പേടിപ്പിച്ചു വിടുന്നു. മൂര്‍ഖന്‍ പാമ്പ്‌ ഉള്ള സ്ഥലം ആണ്, കാല പുരിയേല്‍ ചെന്നില്ലേല്‍ കാലത്തേ കണ്ടിടാം എന്ന്  പ്രാര്‍ഥിച്ചു പോയ്ക്കോ എന്നെല്ലാമാണ്  ആ ശുംഭന്‍ അവരോട്‌ പറയുന്നത്. നിങ്ങള് തന്നെ പറ ... ഇങ്ങിനെയെല്ലാം കേട്ടാല്‍ ആരാ ഇവിടെ വരുക ? ഇന്നാളൊരു ദിവസം ഏതോ ഒരു ഭക്തന്‍ വന്നു ഭണ്ടാരത്തില്‍ കാശിനു പകരം കല്ല്‌  ഇട്ടിട്ടു പോയിരിക്കുന്നു...! recession ന്റെ ഓരോ അനന്തര ഫലങ്ങളെ...ഇപ്പൊ ഇപ്പൊ ആയി അമ്പല കമ്മിറ്റിക്കാര്‍  ശമ്പളം തരേണ്ട ദിവസം ഇങ്ങോട്ട് തീരെ വരാതായി. എപ്പോഴെങ്കിലും കണ്ടു കിട്ടുമ്പോള്‍ എന്റെ വല്ലായ്മ പറയുമ്പോ ദൈവം യഥാര്‍ത്ഥ ഭക്തരെ ഒരു പാട് പരീക്ഷിക്കും എന്നാണ്  കിട്ടുന്ന മറുപടി.. എന്താ ഇവരെ ഒക്കെ പറയുക ?  പേരെടുത്ത  അമ്പലത്തിലെ  പേരെടുത്ത ശാന്തിക്കാരന്‍ ആണ്, ലക്ഷാര്‍ച്ചന നടത്താന്‍ ഒരു ബീഡി വലിക്കുന്ന സമയമേ എടുക്കൂ  എന്നൊക്കെ വലിപ്പം പറഞ്ഞിട്ടെന്താ ?എന്റെ  അശാന്തിക്കു വല്ല കുറവുമുണ്ടോ ?

Saturday, February 26, 2011

ഉദയേട്ടനാണ് താരം

വെള്ളിയാഴ്ച ചന്തയില്‍ നിന്നും വാങ്ങിയ നേന്ത്ര വാഴക്കുല തോളില്‍ വെച്ച്  നെമ്മാറ പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ്  ഉദയേട്ടനെ കാമദേവന്‍ കടന്നു ആക്രമിച്ചത്. നട്ടുച്ച സമയത്ത് കോളേജില്‍ നിന്നും വീട്ടിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നിന്ന  പ്രീ ഡിഗ്രിക്കാരി  സുഗന്ധവല്ലിയുടെ കണ്ണുകളില്‍ നിന്നും ഒരു   പൂവമ്പ്   ഡയറക്റ്റ് ആയി  ഉദയേട്ടന്റെ നെഞ്ചില്‍ വന്നു പതിക്കുകയായിരുന്നത്രേ. അവള്‍ തന്നെ നോക്കി ചിരിച്ചു എന്ന  ഉദയേട്ടന്റെ പ്രസ്താവന  വിശ്വസനീയമാണ്. കടുകെണ്ണ തേച്ച കറുപ്പും വെളുപ്പും  ഇടകലര്‍ന്ന  നീണ്ട മുടിയും  ചെറിയ കണ്ണുകളും കൂര്‍ത്ത മുഖവും വെളുത്ത കൊറ്റന്‍ തടിയും കവിളില്‍ ശ്രിലങ്കയുടെ  ആകൃതി ഉള്ള വെളുത്ത പാടും ഉള്ള കൃശഗാത്രന്‍  ആയ പാവം ഉദയേട്ടനെ കണ്ടാല്‍ ആരും ആദ്യം ഒന്ന്  ചിരിച്ചു പോകുമായിരുന്നു.

ജീവിതത്തിലെ  നാഴികക്കല്ല്  ആയ ആ നട്ടുച്ചയ്ക്ക്   ശേഷം  ഉദയേട്ടന്റെ ദിവസങ്ങള്‍ അനുരാഗ വിലോലം  ആയി തീര്‍ന്നു. കാലത്ത്  ഏഴ്  മണി മുതല്‍ രാത്രി ഒമ്പത് മണി വരെ  പച്ചമരുന്നും പൂജാദ്രവ്യങ്ങളും പഴവര്‍ഗ്ഗങ്ങളും വിറ്റ് വിറ്റ് ബോര്‍ അടിച്ചിരുന്ന  ഉദയേട്ടന്‍ തന്റെ പ്രണയിനിയെ കാണാനായി തന്റെ ടൈം ടേബിള്‍  മാറ്റി. ബസ്സില്‍ അവളെ കോളേജ് വരെയും തിരിച്ചു വീട്ടിലേക്കും അനുഗമിക്കാനായി  സമയം കണ്ടെത്തി. അവളുടെ വീട് കണ്ടു പിടിക്കുക ,അവള്‍ പോകുന്ന അമ്പലം കണ്ടു പിടിക്കുക  തുടങ്ങിയ കണ്ടുപിടിത്തങ്ങള്‍ നടത്തി. അത് വരെ ഒരു നോട്ടീസ് പോലും വായിക്കാന്‍ മിനക്കെടാതിരുന്ന ഉദയേട്ടന്‍  ലൈബ്രറിയില്‍  അംഗത്വം എടുത്തത്‌ അവള്‍  വെള്ളിയാഴ്ചകളില്‍ പോകുന്ന അമ്പലം ആ ലൈബ്രറിക്ക്  അടുത്തായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടായിരുന്നു. പ്രണയ കവിതകള്‍  എഴുതല്‍ ആയിത്തീര്‍ന്നു ഉദയേട്ടന്റെ ഹോബി.

ഇങ്ങനെ ദിനങ്ങള്‍ കടന്നു പോകുമ്പോള്‍  പെട്ടെന്നൊരു ദിനം തന്റെ പ്രണയം അവസാനിപ്പിച്ചത് ആയി  ഉദയേട്ടന്‍ പ്രഖ്യാപിച്ചപ്പോള്‍ , കല്യാണം കഴിഞ്ഞ  സിനിമാ നടി  അഭിനയം നിര്‍ത്തി  എന്ന്  കേട്ടത്  പോലെ    എല്ലാവരും ഞെട്ടി . ഉദയേട്ടന്‍ ആകെ മാറിയിരിക്കുന്നു. ... ആന്‍ഡ്‌ മൈല്‍സ് ടു ഗോ ബിഫോര്‍  ഐ സ്ലീപ്‌ ... എന്ന ലൈനില്‍...

പ്രണയിനിയെ ഓര്‍ത്തു അലസമായി ഇരുന്ന ഒരു  പകല്‍ നേരത്ത്  " ഡാഡി  മമ്മി വീട്ടില്‍ ഇല്ലൈ " എന്ന  കാമുകിയുടെ  ക്ഷണം  അശരീരിയായി  ഉദയേട്ടന്‍ കേട്ടെന്നും  അതിന്റെ  പുറകെ "ആസൈ
 അധികം വെച്ച്  " അവളുടെ വീട്ടില്‍ പോയപ്പോള്‍   അവളുടെ  ഡാഡി  മമ്മി മാത്രമല്ല  സ്കൂളില്‍ പോകാതെ  അവളുടെ  ആറില്‍ പഠിക്കുന്ന കൊച്ചനിയനും അവിടെ  ഉണ്ടായിരുന്നു  എന്നും  ഉദയേട്ടന്റെ ആഗമന ഉദ്ദ്യേശം മനസ്സിലാക്കിയ പ്രണയത്തെ പറ്റി ഒരു വക തിരിവും ഇല്ലാത്ത ആ ചെക്കന്‍  ഉദയേട്ടന്റെ ചെവിക്കു പിടിച്ചു കിഴുക്കി തലക്കിട്ടു രണ്ടു ചൊട്ട്‌ കൊടുത്തു പറഞ്ഞു വിട്ടെന്നും അതാണ്  ഉദയേട്ടന്റെ  മനം മാറ്റത്തിന്  കാരണം എന്നുമാണ്  ഐതിഹ്യം.

 എന്തായാലും  മനം മാറ്റത്തിന് ശേഷം വെള്ളിയാഴ്ച ചന്തയില്‍ നിന്നുംനേന്ത്ര വാഴക്കുല വാങ്ങി  ഉദയേട്ടന്‍   നെമ്മാറ പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ പോയിട്ടില്ല. വെറുതെ  എന്തിനാ കാമദേവന്റെ  കൈക്കുള്ളില്‍ കഴുത്ത്‌ വെച്ച് കൊടുക്കുന്നത് ..ങേ ?







Sunday, February 13, 2011

ഒരു പ്രണയ ദിനം

അവിട്ടം ഞാറ്റുവേലക്കാലം .കുംഭം 2 .ഫെബ്രുവരി 14

 പകല്‍ അന്തിയോളം ചുമട്  എടുത്തു കിട്ടിയ കൂലിയില്‍ പാതി അമ്പല പറമ്പിലെ   ചീട്ടു  കളിക്കാര്‍ക്ക്‌ കാണിക്ക വെച്ച്  ബാക്കിയുള്ള  കാശിന് അവറാന്റെ കള്ള് ഷാപ്പിലിരുന്നു രണ്ടെണ്ണം വീശിയപ്പോള്‍ ആണ്  ഇന്ന് തന്റെ  കല്യാണ വാര്‍ഷികം ആണെന്ന കാര്യം തിമ്മന്‍ ഓര്‍ത്തത്‌ .സഹധര്‍മ്മിണി വള്ളി യോടുള്ള സ്നേഹവും അതോടൊപ്പം കുടിച്ച കള്ളിനൊപ്പം നുര പൊന്തി. കാര്യം അവള്‍ കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത് എന്ന അഹന്ത അവള്‍ക്കു ഉണ്ടെങ്കിലും ഇത്തരമൊരു അവസരത്തില്‍ അവള്‍ക്കൊരു ഗിഫ്റ്റ് കൊടുക്കേണ്ടത് ഭര്‍ത്താവ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം ആണെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തിമ്മന്‍ കള്ളുഷാപ്പിലെ അക്ഷര ശ്ലോക സദസ്സ് പകുതി വെച്ച് നിര്‍ത്തി കാലത്തെ നോക്ക് കൂലി വാങ്ങിച്ച സദാശിവന്റെ തുണിക്കടയില്‍ നിന്നും വിലപേശി ഒരു സാരി വാങ്ങി വീടിലേക്ക്‌ തിരിച്ചു.

"...ഹും....നല്ലൊരു ദിവസമായിട്ടു മൂക്കറ്റം കുടിച്ചു കീറ തുണിയും  കൊണ്ട്  വന്നിരിക്കുന്നു ....എനിക്കൊന്നും വേണ്ടാ.. നിങ്ങള് തന്നെ ഉടുത്തോ ...."
ഉടുമുണ്ടിന്റെ വിട്ടു പോയ ഭാഗം പൂരിപ്പിക്കാന്‍ പോലും മിനക്കെടാതെ അത് തോളിലിട്ടു ആടിയുലഞ്ഞു നില്‍ക്കുന്ന തിമ്മന്‍ എന്ന പൂമരത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ടപ്പോള്‍ വള്ളിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

തിമ്മന്‍ കേട്ടഥ കോപിച്ചു. തികച്ചും പ്രണയ സുരഭിലമായിരുന്ന സന്ദര്‍ഭം പിന്നെ ഒരു സംഘട്ടന രംഗത്തിനു വഴിമാറി. ഇടയില്‍ കയറി അലറിയ പുത്രനിട്ടു കൊടുക്കാനും തിമ്മന്‍ മറന്നില്ല .അഞ്ചില്‍ പഠിക്കുന്ന ചെക്കന്റെ അഹങ്കാരം....

 അനന്തരം ശിവ താണ്ഡവത്തിന്റെ  ക്ഷീണം  തീര്‍ക്കാന്‍  തിമ്മന്‍ റേഡിയോ ഓണ്‍ ചെയ്തു..
''..............ദേവീ  ആത്മ രാഗമേകാം................" ഗന്ധര്‍വ സ്വരം വള്ളിയുടെ രോദനത്തിന്  മീതെ ഒഴുകി.

(പിന്നെയും കുറെ കാലം കഴിഞ്ഞാണ്  ആ ഗ്രാമത്തില്‍ ഫെബ്രുവരി 14 പ്രണയ ദിനമായി  ആചരിക്കപ്പെട്ടു തുടങ്ങിയത് .)









Friday, January 21, 2011

മാനവീകം

"കോഴിയാണോ അതോ  മുട്ടയാണോ  ആദ്യമുണ്ടായത്"?
 സ്കൂളില്‍ ഉച്ച ഭക്ഷണത്തിനൊപ്പം കൊടുത്ത കോഴിമുട്ട കഴിച്ചു നൂറില്‍പ്പരം  കുട്ടികള്‍ മരിച്ച സംഭവത്തെ ആസ്പദമാക്കി ലഭിച്ച ഹര്ജിയിന്‍ മേല്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇത്തരമൊരു  സംശയം പുറപ്പെടുവിച്ചത് .മുട്ട ഒരു സമീകൃത ആഹാരം ആണെങ്കില്‍ അത് എന്തിനു കോഴി വെറുതെ കളയണം അത് വയറ്റില്‍ തന്നെ വെച്ച് കൂടെ എന്നും കോടതി ചോദിച്ചു .
ഇക്കാര്യത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
"ദൈവമാണോ മനുഷ്യാണോ ആദ്യം ഉണ്ടായത് എന്നാണ് എനിക്ക് ചോദിയ്ക്കാന്‍ ഉള്ളത് .മനുഷ്യന്റെ കാര്യം കഴിഞ്ഞിട്ട്  മതി കോഴിയുടെ കാര്യം .... "
തീര്‍ത്തും മാനവികമായ എന്റെ സംശയം മുഴുവന്‍ കേള്‍ക്കാതെ എന്നിലേക്ക്‌ തിരിച്ചു വരാമെന്ന് അരുളി ചെയ്തു ചോദ്യ രൂപം അങ്ങേ തലക്കല്‍ ലൈനില്‍ ഉള്ള പ്രതി വാദത്തെ തേടി പോയി.